നൻപകൽ നേരത്തെ പുരസ്കാരത്തിളക്കം; മാസായും ക്ലാസ്സായും മമ്മൂക്ക നിറഞ്ഞു നിന്ന 2022

ഭീഷ്മപർവം, സിബിഐ 5-ദ ബ്രെയിൻ, പുഴു, റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, ക്രിസ്റ്റഫർ എന്നിവയായിരുന്നു മമ്മൂട്ടിയെ റിച്ചാക്കിയ കഴിഞ്ഞ വർഷത്തെ ചിത്രങ്ങൾ
നൻപകൽ നേരത്തെ പുരസ്കാരത്തിളക്കം; മാസായും ക്ലാസ്സായും മമ്മൂക്ക നിറഞ്ഞു നിന്ന 2022

ഒരു ഉച്ച മയക്കത്തിലെ സ്വപ്നമല്ല, മമ്മൂട്ടി എന്ന നടന്റെ യാഥാർഥ്യം നിറഞ്ഞ അഭിനയത്തിനുള്ള അംഗീകാരമാണ് അദ്ദേഹത്തിന് ലഭിക്കുന്ന ഓരോ പുരസ്കാരങ്ങളും. മൂവാറ്റുപുഴക്കാരൻ ജെയിംസ് പൊള്ളാച്ചിയിലെ തെരുവിലൂടെ, ഇടവഴികളിലൂടെ നടന്ന് നടന്ന് വീട്ടിലെത്തുന്നു, മുറിയിൽ അഴയിൽ വിരിച്ച ഒറ്റമുണ്ടുമുടുത്ത് കള്ളി തോർത്തും കഴുത്തിലിട്ട് ഭസ്മക്കുറിയും പൂശി തനി പൊള്ളാച്ചിക്കാരനായ സുന്ദരമാകുന്നത് എത്ര അനായാസമായാണ്.

ജെയിംസിൽ നിന്ന് സുന്ദരമാകാൻ മമ്മൂട്ടിക്ക് ഒരു പ്രയാസവുമില്ലായിരുന്നു എന്ന് സംവിധായകൻ ലിജോ ജോസ് പറയുമ്പോൾ പോലും നടൻ എന്ന നിലയിൽ ഒരു കഥാപാത്രത്തിൽ നിന്ന് മറ്റൊരു കഥാപാത്രത്തിലേക്ക് നടത്തുന്ന പരകായ പ്രവേശത്തിന് പിന്നിൽ മമ്മൂട്ടി പിന്തുടർന്ന അഭിനയ പാടവത്തിന്റെ വലിയൊരു സമ്പത്തുണ്ട്. അഭിനയത്തിനോട്, സിനിമയോട് ആർത്തിയാണിപ്പോഴും എന്ന് പറയുന്ന നടനിൽ നിന്ന് ഇതിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാനാകില്ല.

ക്ലാസ്സിയായും മാസായും ബിഗ് സ്‌ക്രീനിൽ മമ്മൂട്ടി നിറഞ്ഞാടിയ വർഷമായിരുന്നു 2022. അഭിനയിച്ച ഓരോ സിനിമയും മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത വേഷങ്ങൾ. ആന്റഗണിസ്റ്റായും സൈക്കോപാത്തായും മാസ് ലുക്കിൽ നായകനായും ആക്ഷൻ ഹീറോയായും ഒരേ സമയം വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ അസാധാരണ വ്യക്തിയായും മമ്മൂട്ടി ആർത്തിയോടെ അഭിനയിച്ച 2022-ലെ കഥാപാത്രങ്ങൾ, സിനിമകൾ. ഭീഷ്മപർവം, സിബിഐ 5 ദ ബ്രെയിൻ, പുഴു, റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, ക്രിസ്റ്റഫർ എന്നിവയായിരുന്നു മമ്മൂട്ടിയെ റിച്ചാക്കിയ കഴിഞ്ഞ വർഷത്തെ ചിത്രങ്ങൾ. ഇതിലെ ഒരു സിനിമ പോലും നടന് നിരൂപണത്തിലും പ്രേക്ഷക പ്രതികരണത്തിലും ക്ഷീണമുണ്ടാക്കിയില്ല എന്നുമാത്രമല്ല, ഒരോ സിനിമയിലെ കഥാപാത്രങ്ങളിൽ താരം കൊണ്ടുവന്ന വൈവിധ്യം എടുത്തുപറയേണ്ടതുമാണ്.

മാസ് റോളുകളേക്കാൾ മലയാള താരങ്ങൾ ഇപ്പോൾ പ്രാധാന്യം കല്പിക്കുന്നത് ആഴമുള്ള കഥാപാത്രങ്ങൾക്കാണ്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ വർഷത്തെ മമ്മൂട്ടി ചിത്രങ്ങൾ. ആറ് സിനിമകളിലായി ഏഴ് കഥാപാത്രങ്ങൾ. ഭീഷ്മപർവത്തിലെ മൈക്കിളപ്പനായിരുന്നു മമ്മൂട്ടിയുടെ 2022-ലെ രാശി. അമൽ നീരദ് സംവിധാനം ചെയ്ത ചിത്രം പ്രതീക്ഷക്കും മേലെ ഉയർന്നപ്പോൾ മമ്മൂട്ടിയുടെ പക്വമായ അഭിനയവും ആവേശം കൊള്ളിക്കുന്ന ആക്ഷൻ സീക്വൻസുകളും തിയേറ്ററിലെത്തിയ പ്രേക്ഷകരില്‍ രോമാഞ്ചം ഉണ്ടാക്കി. അതിന്റെ ഫലമായിരുന്നു പ്രതീക്ഷയേക്കാൾ ഉയർന്ന ബോക്സ് ഓഫീസ് കളക്ഷൻ.

സിബിഐ സീരീസിനെയും സേതുരാമയ്യരേയും മമ്മൂട്ടി ആരാധകർ എന്നും ഏറ്റെടുത്തിട്ടുണ്ടെങ്കിലും അയ്യരുടെ അഞ്ചാം വരവിന് മുൻ സിബിഐ ചിത്രങ്ങൾക്ക് ലഭിച്ച വരവേൽപ്പ് ലഭിച്ചില്ല. എന്നാൽ ഒരു സിബിഐ ഡയറിക്കുറിപ്പ് മുതൽ മലയാളികൾ കണ്ട സേതുരാമയ്യരുടെ നടപ്പിലെയും സംസാരത്തിലെയും ഭാവത്തിലെയും അന്തഃസത്ത അതേപടി കൊണ്ടുവരാൻ മമ്മൂട്ടിക്ക് വർഷങ്ങൾക്ക് ശേഷവും സാധിച്ചു എന്നത് അത്ഭുതപ്പെടുത്തുന്നതാണ്.

നവാഗത സംവിധായിക രത്തീനയുടെ പുഴുവിലെ കുട്ടൻ മമ്മൂട്ടിയുടെ മറ്റൊരു വേഷപ്പകർച്ചയായിരുന്നു. സ്ലോ പേസിൽ ആരംഭിച്ച് ഒരു ആന്റഗണിസ്റ്റായാണ് മമ്മൂട്ടി പുഴുവിലൂടെ സഞ്ചരിച്ചത്. ദുരഭിമാനവും ജാതീയതയും ‌ടോക്സിക് പേരന്റിങ്ങും ഒരു മനുഷ്യനെ ഏതു രീതിയിൽ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നതിനെ കുട്ടനിലൂടെ കാണിച്ച് മമ്മൂട്ടി പ്രേക്ഷകരെ വല്ലാതെ അസ്വസ്ഥരാക്കി.

പുഴുവിന് ശേഷം വീണ്ടും മമ്മൂട്ടിയുടെ ഡാർക്ക് ഷെയ്ഡ് ചിത്രം എത്തുന്നു, റോഷാക്ക്. സിനിമ പ്രഖ്യാപിച്ചപ്പോൾ മുതൽ എന്താണ് സിനിമയുടെ ഉള്ളടക്കം എന്നത് പ്രേക്ഷകരിൽ സംശയം ഉണ്ടാക്കിയിരുന്നു. കൺഫ്യൂഷനിടിപ്പിക്കുന്ന ഫസ്റ്റ് ലുക്കുമായി അണിയറക്കാർ ഇറങ്ങിയപ്പോൾ ആവേശം ഒന്നുകൂടെ കൂടി. റോഷാക്ക് എന്ന വാക്കിന്റെ അർഥത്തിന് പിന്നാലെ പോയ സിനിമാസ്വാദകർക്ക് മനസിലായി വരാനിരിക്കുന്നത് ഒരു സാധാരണ സിനിമയല്ല എന്ന്.

വളരെ കോംപ്ലക്സ് ആയ ഒരു ചിത്രം. ഒരോ ഇടവേളകളിലും ട്വിസ്റ്റ്. ഒരു സൈക്കോളജിക്കൽ സിനിമയാണോ, ഹൊററാണോ എന്നുള്ള പല ചോദ്യങ്ങൾ കൊണ്ട് പ്രേക്ഷകനെ രസിപ്പിക്കുന്ന പക്ക സൈക്കോളജിക്കൽ ത്രില്ലറാണ് റോഷാക്ക്. പെർഫോമൻസ് കൊണ്ട് ആരാണ് മികച്ചത് എന്ന് പറയാൻ കഴിയാത്തത്ര ഗംഭീര പ്രകടനം കാഴ്ച്ച വെച്ച അഭിനേതാക്കളും സിനിമയിൽ ഉണ്ടായി. പലപ്പോഴും മമ്മൂട്ടിയുടെ പെർഫോമൻസിനെ കവച്ചുവെച്ച താരങ്ങളെയും മലയാളികൾ കണ്ടു. ലൂക്കിന്റെ (മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം) കാഴ്ച്ചയും കാഴ്ച്ചപ്പാടും കൊണ്ട് നിറഞ്ഞു നിൽക്കുന്ന റോഷാക്കിലെ മമ്മൂട്ടിയുടെ പെർഫോമൻസ് ഒന്നു വേറെതന്നെയാണ്.

ലിജോ കൂട്ടുകെട്ടിൽ ഒരു മമ്മൂട്ടി ചിത്രം. ഒരുപക്ഷേ പ്രേക്ഷകർ ഏറെ ആഗ്രഹിച്ച രണ്ട് കോംബോയിൽ ഒന്ന്. കാണികളുടെ മനം നിറച്ച നൻപകൽ നേരത്ത് മയക്കം. ജെയിംസും സുന്ദരവും കരിയറിലെ മമ്മൂട്ടിയുടെ ഏറ്റവും മികച്ച ചിത്രമാകാതിരിക്കുന്നതെങ്ങനെ എന്ന് മലയാളി പ്രേക്ഷകർ ചോദിച്ചു പോകുന്ന തരത്തിലെ പ്രകടനം. ലിജോയും തിരക്കഥയൊരുക്കിയ ഹരീഷും ഫ്രെയിം ചലിപ്പിച്ച തേനി ഈശ്വറും അഭിനയിച്ച മമ്മൂട്ടിയും ഒരു പോലെ സ്വപ്നം കണ്ട ചിത്രം.

വടിവൊത്ത ഷർട്ടും മുണ്ടുമുടുത്ത, അധികം സംസാരമില്ലെങ്കിലും ചെറിയ കാര്യങ്ങളിൽ നെറ്റിചുളിക്കുന്ന, തമിഴ് പാ‌ട്ട് കേൾക്കുമ്പോൾ ശബ്ദം കുറച്ചുവെച്ചുകൂടെ എന്ന് പറയുന്ന ജെയിംസ് ഒരുറക്കമുണർന്ന് കഴിയുമ്പോൾ തനി തമിഴനായ, ഉറക്കെ പാട്ടുപാടുന്ന, നാട്ടിലെ കൂട്ടത്തിനിടയിൽ തന്റെ വീര കഥകൾ വിളമ്പുന്ന, മദ്യപിക്കുമ്പോൾ ശിവാജി ​​ഗണേശനായി മാറി നീണ്ട ഡയലോ​ഗുകൾ പറയുന്ന സുന്ദരമായി മാറുകയാണ്. അതേ സുന്ദരമാണ് ഒരുറക്കത്തിന് ശേഷം പഴയ ജെയിംസാകുന്നത്.

ഐഎഫ്എഫ്കെയിൽ ചിത്രത്തിന്റെ ഷോ കൂട്ടാൻ ഡെലിഗേറ്റുകൾ നടത്തിയ പ്രതിഷേധം മമ്മൂട്ടിയുടെ പെർഫോമൻസ് ഉള്ള് നിറഞ്ഞ് കാണാൻ വേണ്ടി തന്നെയായിരുന്നു. രാവിലെ 9 മണിയുടെ ഷോയ്ക്ക് റിസർവേഷൻ ലഭിക്കാതെ, കാണാൻ കഴിയുമോ എന്ന പ്രതീക്ഷ ഒരു ശതമാനം പോലുമില്ലാതെ ഡെലിഗേറ്റുകൾ തിയേറ്ററിനു മുന്നിൽ ക്യൂ നിന്നത് പുലർച്ചെ രണ്ട് മണി, മൂന്ന് മണി മുതൽ. നൻപകൽ കണ്ടിറങ്ങിയവർ ഏതു വാക്കുകൾ കൊണ്ട് സിനിമയെ വിലയിരുത്തണം എന്ന് ബുദ്ധിമുട്ടിയാണ് തിയേറ്റർ വിട്ടിറങ്ങിയത്. അങ്ങനെ കോളിളക്കം സൃഷ്ടിച്ച സിനിമയേയും തുടക്കം മുതൽ അവസാനം വരെ പെർഫോമൻസ് കൊണ്ട് മാത്രം തന്നിലേക്ക് അടുപ്പിച്ച മമ്മൂട്ടിയേയും സംസ്ഥാന ചലച്ചിത്ര പുരസ്കര ജൂറിക്ക് ഒഴിവാക്കാനാവാകില്ല.

മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ച് ജൂറി അഭിപ്രായപ്പെട്ടത് ഇങ്ങനെ, 'മലയാള ചലച്ചിത്രാഭിനയ ചരിത്രത്തിലെ അത്യപൂർവ്വവും വിസ്മയകരവുമായ ഭാവാവിഷ്കാര മികവ്. തികച്ചും വിഭിന്നമായ സ്വഭാവവിശേഷങ്ങളുള്ള രണ്ട് മനുഷ്യരുടെ ദ്വന്ദ്വഭാവങ്ങളെ അതിസൂക്ഷ്മവും നിയന്ത്രിതവുമായ ശരീരഭാഷയിൽ പകർന്നാടിയ അഭിനയമികവ്. ജെയിംസ് എന്ന മലയാളിയിൽ നിന്ന് സുന്ദരം എന്ന തമിഴനിലേക്കുള്ള പരകായ പ്രവേശത്തിലൂടെ രണ്ട് ദേശങ്ങൾ, രണ്ട് ഭാഷകൾ, രണ്ട് സംസ്കാരങ്ങൾ എന്നിവ ഒരേ ശരീരത്തിലേക്ക് ആവാഹിച്ച പ്രതിഭ'. 2022-ൽ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം മാസങ്ങളുടെ മാത്രം വ്യത്യാസത്തിലാണ് മമ്മൂട്ടി അഭിനയിച്ചു തീർത്തത്. അതായത് ഒരു സെറ്റിൽ നിന്ന് മറ്റൊരു സിനിമ സെറ്റിലേക്ക് ന‌‌ടൻ ഒടിക്കയറിയത് ഒന്നോ രണ്ടോ ദിവസത്തെ ഇടവേളയെ‌ടുത്ത് മാത്രം'.

1985-ൽ അടിയൊഴുക്കുകൾ എന്ന സിനിമയ്ക്ക് മികച്ച നടനുള്ള ആദ്യ സംസ്ഥാന അവാർഡ്. 1990-ൽ പുറത്തിറങ്ങിയ മതിലുകൾ, വടക്കൻ വീരഗാഥ എന്നീ സിനിമകൾക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരവും മൃഗയ, മഹായാനം എന്നി സിനിമകളെ ചേർത്ത് സംസ്ഥാന പുരസ്കാരവും. 1994-ൽ വിധേയൻ, പൊന്തൻമാട, വാത്സല്യം എന്നീ സിനിമകൾക്ക് ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ. 1999-ൽ ഡോ ബാബ സാഹേബ് അംബേദ്കർ എന്ന സിനിമയ്ക്ക് ദേശീയ പുരസ്കാരം. 2005-ൽ കാഴ്ച്ച സിനിമയ്ക്കും 2010-ൽ പാലേരിമാണിക്യം എന്ന സിനിമയ്ക്കും സംസ്ഥാന പുരസ്കാരം. പിന്നീടുള്ള 11 വർഷത്തെ കാത്തിരിപ്പാണ് നൻപകലിലൂടെ അവസാനിക്കുന്നത്.

നാല് പതിറ്റാണ്ടിലേറെ നീളുന്ന അഭിനയ ജീവിതത്തിൽ മലയാളികൾ മമ്മൂട്ടിയുടെ പലതരം കഥാപാത്രങ്ങളും കണ്ടിട്ടുണ്ട്. എന്നാൽ ഒരു നടനാകാൻ ഇനിയും ഒരുപാട് ഘടകങ്ങൾ ആവശ്യമാണ് എന്ന ഉൾബോധത്തോടെ സ്വയം നവീകരിക്കാനാണ് മമ്മൂട്ടി ഇപ്പോഴും ശ്രമിക്കുന്നത്.

ചെയ്യാൻ ഇനിയുമേറെ കഥാപാത്രങ്ങളാണ് ബാക്കിയുള്ളതെന്നാണ് മമ്മൂട്ടി പറഞ്ഞത്. അഭിനയത്തോട് അഭിനിവേശമുളള നടനാണ് മമ്മൂട്ടി എന്ന് പറയാനുള്ള കാരണവും ഇക്കാലമത്രയും മലയാള സിനിമയ്ക്ക് അദ്ദേഹം നൽകിയ വേഷങ്ങളാണ്..

Related Stories

No stories found.
logo
Reporter Live
www.reporterlive.com